മലയാളം ഇ മാഗസിൻ.കോം

രോഗമെന്ന ചിന്തയാണ് നിങ്ങളുടെ രോഗം; അതിന് മരുന്ന് ബിഹേവിയറൽ ചികിൽസ മാത്രം

\’ഞാൻ ഒരു രോഗിയാണ്, മാരകമായ എന്തോ ഒരു രോഗം എനിക്കുണ്ട്‌ \’ എന്നു കരുതുന്ന പല ആളുകളും നമുക്കിടയിലുണ്ട്‌. അത്തരക്കാർ പല വിധത്തിലുള്ള അസ്വസ്ഥതകളുടെ പേരിൽ നിരന്തരം ഡോക്ടർമാരെ മാറി മാറി പരീക്ഷിച്ചുകൊണ്ടിരിക്കും. ഒരു പരിധി വരെ ഡോക്ടർ കുറിച്ചു തരുന്ന മരുന്നിൽ ഇവർ വിശ്വസിക്കുകയും ചെയ്യും. എന്നാൽ അസുഖം ഭേദമായെന്നു കരുതാനും പോകുന്നില്ല. ജീവിതകാലം മുഴുവൻ തനിക്കെന്തോ മാരകരോഗം ഉണ്ടെന്ന ഉറച്ച്‌ വിശ്വസിച്ച്‌ മുന്നോട്ട്‌ പോകുകയാണവർ ചെയ്യുന്നത്‌. ഇത്തരം രോഗങ്ങൾ പരിഹരിക്കാൻ ബിഹേവിയറൽ ചികിൽസയിലൂടെ സാധിക്കും. മന:ശാസ്ത്ര ടെക്നിക്കുകൾ ഉപയോഗിച്ച്‌ ശാരീരിക രോഗങ്ങളെ പ്രതിരോധിക്കുകയും ചികിൽസിക്കുകയും ചെയ്യുന്ന രീതിയാണിത്‌.

മനുഷ്യ ശരീരത്തിലെ രോഗങ്ങൾ മാനസികമോ ശാരീരികമോ ആകാം. ശാരീരിക രോഗങ്ങൾ മാത്രമാണ് നമ്മൾ വലിയ രോഗമായി കണക്കാക്കാറുള്ളത്‌. എന്നാൽ ശരീരത്തിലെ രോഗം പോലെതന്നെ പ്രധാനപ്പെട്ടതാണ് മനസ്സിന്റെ രോഗവും.

രോഗമുണ്ടെന്ന തോന്നൽ, സൈക്കോസൊമാറ്റിക്‌ രോഗങ്ങൾ എന്ന ഗണത്തിൽപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്‌. ഇത്തരം രോഗികൾ കരുതുന്നത്‌ അവരുടെ വയറ്റിലോ നെഞ്ചിലോ തലയിലോ എന്തോ കാര്യമായ പ്രശ്നമുണ്ടെന്നാണ്. പ്രശ്നമുണ്ടെന്നു കരുതുന്ന ഭാഗങ്ങളിൽ വേദനയുള്ളതായും പാടുകളും തിണർപ്പുമുണ്ടെന്നും പറഞ്ഞ്‌ പല ഡോക്ടർമാരെയും കാണാൻ ഇവർ ശ്രമിക്കും. എന്നാൽ രോഗത്തെ കണ്ടെത്താൻ ഡോക്ടർമാർക്കു കഴിയാതെ വരും. മെഡിക്കൽ പരിശോധനയിൽ കാര്യമായ കുഴപ്പമില്ലെന്ന് കണ്ടാൽ ഉത്കണ്ഠയകറ്റാനുള്ള മരുന്നുകൾ കുറിച്ചു കൊടുക്കുകയാണ് പലപ്പോഴും ഡോക്ടർമാർ ചെയ്യാറുള്ളത്‌. എന്നാൽ ഇതിനു പകരം വിദഗ്ധ മന:ശാസ്ത്ര വിശകലനം നടത്തിയാൽ വളരെ ഫലപ്രദമായ രീതിയിൽ ഇത്‌ മാറ്റിയെടുക്കാവുന്നതാണ്.

മെഡിക്കൽ പരിശോധനകൾക്കു ശേഷം കൗൺസിലിങ്ങും ബിഹേവിയറൽ തെറാപ്പിയുമാണ് ഇത്തരം രോഗങ്ങൾക്കുള്ള പരിഹാരം. മറ്റ്‌ മാനസിക രോഗങ്ങളെ അപേക്ഷിച്ച്‌ സൈക്കോസൊമാറ്റിക്‌ രോഗങ്ങൾക്ക്‌ കൗൺസിലി ങ്‌ വളരെ ഫലപ്രദമായ മാർഗമാണ്. കൃത്യമായ രീതിയിൽ മനശാസ്ത്രവിശകലനവും ബിഹേവിയറൽ ചികിൽസയും ലഭിച്ചു കഴിഞ്ഞാൽ മെച്ചപ്പെടാവുന്ന ഒരു രോഗമാണിത്‌.

Sandeep Sasikumar

Sandeep Sasikumar

സന്ദീപ്‌ ശശികുമാർ | Editor