21
October, 2017
Saturday
11:16 PM
banner
banner
banner

പ്രവാസി സുഹൃത്തുക്കളേ, മതിയാക്കൂ ഈ ‘കിടക്ക ജീവിതം’; ബെഡ്‌ സ്പേസിനപ്പുറവും ലോകമുണ്ട്‌

3366

ഗൾഫ്‌ നാടുകളിൽ പണിയെടുക്കുന്ന മലയാളികളിൽ ഭൂരിപക്ഷവും ഒരു ബെഡ്‌ സ്പേസിന്റെ പരിമിതികൾക്കുള്ളിൽപ്പെട്ടു കഴിയുന്നത്‌ തങ്ങളുടേതായ കുറ്റം കൊണ്ടല്ല; അത്‌ ഒരു ശരാശാരി ഗൾഫ്‌ ജീവിതത്തിന്റെ അനിവാര്യതയാണെന്ന്‌ സമ്മതിക്കാം. പക്ഷേ, ജോലി കഴിഞ്ഞുള്ള നേരമത്രയും അതിൽ ആണ്ടുപൂണ്ടു കിടക്കുന്നത്‌ പലരും ശീലമാക്കിയിരിക്കുന്നു. ഒന്നും കാണാതെയും കേൾക്കാതെയുമുള്ള ഈ ‘കിടക്ക ജീവിതം’ അങ്ങേയറ്റം അപകടകരമാണ്‌. മനസ്സിനെയും ശരീരത്തെയും മൂടുന്ന ബ്ലാങ്കറ്റ്‌ മടക്കി വെച്ച്‌ എഴുന്നേൽക്കൂ.. പുറത്തൊന്നു പോയി വരൂ… വിസ്മയങ്ങൾ കാത്തിരിപ്പുണ്ട്‌.

ഒരു കിടക്ക നിത്യ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാകുന്നത്‌ എപ്പോഴാണെന്നു ചോദിച്ചാൽ ഉറക്കം വന്ന്‌ കണ്ണിൽക്കുത്തുന്ന നേരത്ത്‌ എന്ന ലളിതമായ ഉത്തരമാകും വേഗത്തിൽ പറയാനാകുക. പക്ഷേ, ഗൾഫ്‌ നാടുകളിൽ പണിയെടുക്കുന്നവരുടെ ജീവിതത്തിൽ (ബാച്ചിലേഴ്സ്‌) അതിന്‌ ഉത്തരം വേറെയാണ്‌. ഇവിടെ അത്‌ ഉറങ്ങാൻ മാത്രമല്ല, ഉണർന്നിരിക്കാനും കണ്ണു തുറന്ന്‌ കിനാവു കാണുവാനും നിശബ്ദം ചിരിക്കാനും ആകുലപ്പെടാനും മുഖമമർത്തി തേങ്ങലടക്കാനും ഇന്നലകളെ താലോലിക്കാനും ഭാവി പദ്ധതി തയാറാക്കാനും സ്മാർട്ട്‌ ഫോണിലും സ്കൈപ്പിലും ഭാര്യയോടും മക്കളോടും സംസാരിക്കാനും.. പിന്നെ ജീവിതത്തിന്റെ ആകമാനമുള്ള കണക്കെടുപ്പ്‌ നടത്താനുമെല്ലാം ഒരു കിടക്ക തന്നെ ശരണം. ഇരിയ്‌ക്കാനൊരു കസേരയോ പല ആവശ്യങ്ങളും നിവർത്തിക്കേണ്ട മേശയോ ഇല്ലാതെ സർവവും കഴിച്ചു കൂട്ടാനുള്ള ഇടമാണ്‌ ഈ ഗൾഫ്‌ കിടക്ക.

ഇരുമ്പിൽ തീർത്ത ഈ കട്ടിലിന്റെ അളവ്‌ 90 x 190 ഇങ്ങ എന്നാണ്‌ അതിന്റെ പരസ്യ ബ്രോഷറിൽ കാണുന്നത്‌. അതെ ഇതാണ്‌ ഒരു ബെഡ്‌ സ്പേസ്‌ വാഗ്ദാനം ചെയ്യുന്ന അളവ്‌. എന്നു വച്ചാൽ 90 x 190 എന്ന ഗുണിതത്തിനുള്ളിൽ ഒരു മനുഷ്യ ജീവിതം ഒതുങ്ങി അമരുന്നു.

ഇത്രയും വായിച്ചു കഴിയുന്നൊരു ‘കട്ടിലിന്റെ ഗുണഭോക്താവ്‌’ അൽപ്പം ചൊടിപ്പോടെ ചോദിച്ചേക്കാം; കാലങ്ങളായി തുടരുന്ന പ്രവാസ ജീവിതത്തിന്റെ ഈ അനിവാര്യതയെ എന്തിനാണ്‌ കുത്തിനോവിക്കുന്നതെന്ന്‌. ഇതല്ലാതെ മേറ്റ്ന്തു മാർഗമാണ്‌ ഞങ്ങൾക്കുള്ളതെന്ന്‌. ഒരു മുറിയെടുത്ത്‌ രണ്ടോ മൂന്നോ പേർക്ക്‌ മാത്രമായി താമസിക്കാനും കൈയും കാലും നീട്ടിയിരിക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, എട്ടും പത്തും പേർ അട്ടിയിട്ടതുപോലെ കിടക്കുന്നത്‌ അതിനു തക്ക വരുമാനമില്ലാഞ്ഞിട്ടാണ്‌. ഇതൊക്കെ ആർക്കാണറിയാത്തത്‌?

ശരിയാണ്‌. ഇതൊക്കെയും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. പക്ഷേ അറിയാതെ പോകുന്ന കുറേയധികം കാര്യങ്ങളുണ്ട്‌. മന:പൂർവ്വമോ അല്ലാതെയോ അനുവർത്തിക്കാതെ പോകുന്ന.. വിട്ടുകളയുന്ന ഒരുപിടി യാഥാർത്ഥ്യങ്ങൾ ഈ കിടക്കകൾക്കു ചുറ്റും കൺതുറന്നിരിപ്പുണ്ട്‌. അതൊന്നു കാണണം എന്നു പറയാനാണ്‌ ഇവിടെ ശ്രമം.

എന്താണ്‌ സത്യത്തിൽ നമ്മൾചെയ്തു വരുന്നത്‌?
കിടക്ക നീട്ടുന്ന പരിമിതികളുടെ ‘സാധ്യതകളെ’ നമ്മൾ തന്നെ ആഘോഷിക്കുന്നു! ജോലി കഴിഞ്ഞു വന്നാൽ പിന്നെ ഒരു കാര്യത്തിനും മുറിയ്ക്കു പുറത്തേക്കില്ലെന്നൊരു ശാഠ്യം രണ്ടുമൂന്നു വർഷത്തെ പ്രവാസ ജീവിതം കൊണ്ട്‌ ഒരാളുടെ മനസ്സിൽ തറഞ്ഞിട്ടുണ്ടാകും. ഇക്കാലത്തിനുള്ളിൽ കെട്ടിട മുച്ചയങ്ങളും പല തരത്തിലുള്ള മാളുകളും പാർക്കുകളും ബീച്ചും വഴിത്താരകളുമെല്ലാം പലയാവർത്തി കണ്ടു മടുത്തിരിക്കുന്നു എന്നാവും ‘കിടക്ക ജീവിതം’ വരിക്കുന്നതിന്റെ കാരണമായി പലർക്കും പറയാനുണ്ടാകുക. അതുകൊണ്ടു മുറിയിൽ തന്നെ ഇരിക്കുന്നതാകും മന:സുഖത്തിനു നല്ലതത്രെ.

‘ഇരിക്കുക’ എന്നത്‌ വാച്യമായേ പറയാനാകൂ. ഇരിക്കാനൊരു കസേരയില്ലാത്ത അവസ്ഥയിൽ അത്‌ കിടത്തമാണ്‌. (ഒരു ഫ്ലാറ്റിന്റെ ലിവിങ്ങ്‌ റും വരെ എട്ടും പത്തും കട്ടിലുകളുടെ ഇടമായിത്തീരുമ്പോൾ കസേരയുൾപ്പെടെ അവശ്യം വേണ്ട ഫർണിച്ചറുകളെല്ലാം പുറത്ത്‌) അങ്ങനെ ഇരുപ്പ്‌ കിടപ്പാകുന്നു. മിക്കവാറും പേരുടെ ഉറങ്ങും വരെയുള്ള പിന്നത്തെ ജീവിതം കിടന്നുകൊണ്ടാണ്‌ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം ചാഞ്ഞും ചരിഞ്ഞും കിടന്ന്‌ ചെയ്ത്‌ തീർക്കുന്നു.

എന്തു നാം സ്ഥിരമായി ചെയ്യുന്നുവോ അതാണ്‌ ശീലമായി തീരുക. ഉപേക്ഷിക്കാനാവാത്ത ശീലം ഒടുവിൽ അവന്റെ സ്വഭാവത്തോടൊപ്പമാണ്‌ പോയിച്ചേരുക. പറഞ്ഞു വരുന്നത്‌ അതാണ്‌ കിടക്ക ജീവിതം ഗൾഫിൽ ഭൂരിപക്ഷത്തിന്റെയും നിർവ്വചിക്കാനാകാത്ത പല സ്വഭാവങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു..

തീർച്ചയായും നിസംഗമായി കാണേണ്ട ഒരു കാര്യമല്ലിത്‌. ശരീരത്തിന്റെയും മനസിന്റെയും ഊർജ്ജം ചോർത്തിക്കളയുന്ന കാഴ്ച്ചകളെയും കാഴ്ച്ചപ്പാടുകളെയും തിരസ്ക്കരിക്കുന്ന ഒരു മനുഷ്യാവസ്ഥയെ നാം ക്ഷണിച്ചുവരുത്തുകയാണ്‌ ഈ ‘നിശ്ചലതയിലൂടെ എന്നറിയുക.

ആകാശവും നക്ഷത്രവും കാണാതെ ഇതര മനുഷ്യ ശബ്ദങ്ങളെ കേൾക്കാതെ പുതിയ ഗന്ധങ്ങളറിയാതെ ഒരു ഗുഹാവാസിയായി ജീവിക്കുന്നതും ഒരു കിടക്കയിൽ കഴിയുന്നതും തമ്മിൽ എന്താണു വ്യത്യാസം?

അദൃശ്യമായ തിരശ്ശീലകളാൽ പൊതിയുന്ന ഈ കിടക്ക ഒർത്ഥത്തിൽ ശീതീകരിച്ചതും വെളിച്ചം നിറഞ്ഞതുമായ ഒരു തുണ്ടു ഗുഹയല്ലാതെ മേറ്റ്ന്താണ്‌?

പുറത്തേക്കിറങ്ങൂ… സ്വയം പുതുക്കിപ്പണിയൂ.. താമസിക്കുന്ന മുറിയിൽ പെരുമാറാൻ ഒരു കിടക്ക മാത്രം എന്ന കെട്ടുപാടാണ്‌ ഒരാളെ കിടക്കജീവിതത്തിലേക്ക്‌ നിർബന്ധിക്കുന്നതെന്ന ന്യായത്തെ കണ്ടില്ലെന്നു നടിക്കണം എന്നല്ല പറഞ്ഞു വരുന്നതിന്റെ സാരം. അതിനെ അംഗീകരിച്ചുകൊള്ളൂ. എന്നാൽ അത്‌ അംഗീകരിച്ചു കൊണ്ടു തന്നെ ഈ നിശ്ചലതയെ ഒന്നൊഴുക്കിവിടുക സാധ്യമാണ്‌.

ഒന്നും കാണാനും കേൾക്കാനുമില്ലാത്തതുകൊണ്ടാണ്‌ പുറത്തേക്കിറങ്ങാതെ ചടഞ്ഞിരിക്കുന്നത്‌ എന്നാണല്ലോ ഇതേപ്പറ്റി പറഞ്ഞു കേൾക്കുന്ന പൊതു തത്വം. എന്നാൽ കാണാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ്‌ അതിനു കഴിയാത്തതെന്നാണ്‌ യാഥാർത്ഥ്യം.

ഒരാൾ മുറിയിൽ നിന്നിറങ്ങി ജോലിക്കു പോകുകയും വരികയും ചെയ്യുമ്പോഴത്തെ കാഴ്ച്ചകളല്ല ജോലി കഴിഞ്ഞ്‌ തിരികെയെത്തി വാഷ്‌ റൂമിലൊന്നു പോയി വസ്‌ത്രങ്ങളും മാറ്റി മനസ്സൊരുക്കം നടത്തി പുറത്തേക്കിറങ്ങിയാൽ കാണുന്ന കാഴ്ച്ച.

ജോലിക്കു പോകുമ്പോഴുള്ള മനസ്സ്‌ കുറച്ചൊക്കെ ഭാരമുള്ളതാകും. ആ നേരം നമ്മെ ചില സമ്മർദ്ദങ്ങൾ ഭരിക്കുന്നുണ്ടാവാം.

എന്നാൽ ജോലി കഴിഞ്ഞ്‌ മേൽപ്പറഞ്ഞ ഒരുക്കങ്ങളോടെ പുറത്തിറങ്ങിയാൽ നാം അനുഭവിക്കുന്നത്‌ വിശ്രമിക്കുന്നൊരു മനസ്സിനെയാകും. ആ മനസ്സിനെ കാഴ്ച്ചകളിലേക്കും നിരത്തിലെ ശബ്ദങ്ങളിലേക്കും നല്ല ഓർമ്മകളിലേക്കും വിട്ടുകൊടുക്കുക. എന്നും കാണുന്ന ചില്ലു പൊതിഞ്ഞ കെട്ടിടങ്ങളും വഴികളും എങ്ങോട്ടൊക്കെയെന്നില്ലാതെ നീങ്ങുന്ന ജനങ്ങളും എന്തു കാഴ്ച്ചയാണ്‌, എന്ത്‌ ഓർമ്മകളാണ്‌ ഒരുക്കിവച്ചിട്ടുള്ളതെന്ന എതിർചോദ്യം ഇവിടെ ഉയരാം. എന്നാൽ മുമ്പു പറഞ്ഞപോലെ ‘കണ്ണ്‌ തുറന്ന്‌’ കാണാൻ സന്നദ്ധമായാൽ കാണുന്ന കാഴ്ച്ചകൾ വേറെയാണ്‌.

ഒരു അറേബ്യൻ നഗരിയുടെ ഏറ്റവും സുന്ദരമായ-വൈവിധ്യപൂർണമായ കാഴ്ച്ച സൂര്യൻ അസ്തമിക്കുന്നതോടെ വീഥികളിലും ഭക്ഷണശാലകളിലും വ്യാപാര സമുച്ചയങ്ങളിലും നിറഞ്ഞൊഴുകുന്ന ജനസഞ്ചയമാണ്‌. അവരുടെ വേഷവിധാനങ്ങളിലും ചലനങ്ങളിലും എന്തെല്ലാം വ്യതിരിക്തതകൾ ! പ്രകൃതത്തിലും പെരുമാറ്റത്തിലും ഒന്നിനൊന്നു വ്യത്യസ്തമായി പ്രതിഫലിക്കുന്ന രൂപഭാവങ്ങൾ.. ഭാഷകൾ.. ശബ്ദങ്ങൾ

ലോകത്തിന്റെ വിവിധ സംസ്കാരങ്ങൾ ഒന്നായിത്തീരുന്ന ഇങ്ങനെയൊരു കാഴ്‌ച്ച ഗൾഫു നാടുകൾക്കു മാത്രം സ്വന്തമാണെന്നറിയുമ്പോഴാണ്‌ ഒരു മലയാളിക്ക്‌ ലോകം കാണാൻ കിട്ടുന്ന ഒരവസരമാണ്‌ ഇതെന്ന്‌ ബോധ്യപ്പെടുന്നത്‌.

ഈ കാഴ്ച്ചയുടെ പ്രത്യേകതയെന്തെന്നാൽ ഇന്നു കാണുന്ന ആൾക്കൂട്ടത്തെയല്ല നാളെ കാണാൻ കിട്ടുന്നത്‌. ലോകത്തിന്റെ ഏതെല്ലാമോ കോണുകളിൽ നിന്നെത്തി രൂപപ്പെട്ട മറ്റൊരു ആൾക്കൂട്ടത്തെയാകും അടുത്ത ദിവസം ഇതേസ്ഥലത്ത്‌ കണ്ടെത്തുക.

കടൽ എത്ര കണ്ടാലും മടുക്കാത്തത്‌ പ്രകൃതിയുടെ ഭാവങ്ങൾക്കൊത്ത്‌ അത്‌ രൂപമാറ്റം കൈക്കൊള്ളുന്നതു കൊണ്ടാണ്‌ എന്നു പറയും പോലെ ഗൾഫിന്റെ നാഗരിക കാഴ്ച്ചകളെ മടുപ്പിക്കാതെ നിർത്തുന്നത്‌ വ്യത്യസ്ത ജനസഞ്ചയങ്ങളും തിരയിളക്കവും അതിന്റെ വർണ്ണപൊലിമയും ആണെന്നു പറയാം.

അപ്പോൾ ജോലി കഴിഞ്ഞെത്തുന്ന വൈകുന്നേരം മുതൽ അടുത്ത ദിവസം ജോലിക്കു പോകുന്ന സമയം വരെ (ഭക്ഷണം ഉണ്ടാക്കലാണെങ്കിൽ കുറച്ചു സമയം അടുക്കളയിൽ) ഒരു കിടക്കയിൽ ഉറങ്ങിയും ഉറങ്ങാതെയും കഴിയുന്ന ഒരാൾക്ക്‌ നഷ്ടപ്പെടുന്നതെന്താണ്‌? വർണ്ണ ശബളവും സുന്ദരവുമായ വൈവിധ്യത നിറഞ്ഞ ഒരു ലോകം തന്നെ.

വരൂ.. ജാലകച്ചോട്ടിലിരിക്കൂ…
ഇതൊന്നുമല്ലാതെ തനിച്ചിരിക്കാനാണ്‌ ഒരാൾക്ക്‌ ആഗ്രഹമെങ്കിൽപ്പോലും അത്‌ ഒരു മുറിക്കു പുറത്താകുന്നതാണ്‌ മാനസികാരോഗ്യത്തിന്‌ നല്ലത്‌. ശ്രദ്ധിച്ചാലറിയാം. ഏകാന്തത ആഗ്രഹിക്കുന്നവർ പോലും തുറന്നിട്ട വലിയ ജാലകത്തിനരികെ യോ ബാൽക്കണിയിലോ വരാന്തയിലോ ഇരിക്കാനാകും ഇഷ്ടപ്പെടുക. പുറത്തെ കാഴ്ച്ചകളല്ല ആവശ്യമെങ്കിലും അയാൾ അതു ചെയ്യുന്നു.

എന്താവാം കാരണം? ഏകാന്തതയിലും അവന്‌ മനുഷ്യനെ കാണണം. കാറ്റിൽ നീങ്ങുന്ന മേഘങ്ങൾ കാണണം. ചായുന്ന വെയിലും ചാറുന്ന മഴയും ഇലകളെ തൊടുന്ന ചെറുകാറ്റുകളുമെല്ലാം അനുഭവിച്ചറിയണം. ഇതെല്ലാം ഏകാന്തചിന്തകൾക്ക്‌ ശ്രുതിപകരുന്ന കൂട്ടാണ്‌. മനസ്സിന്റെ സാന്ത്വനമാണ്‌.

ഗൾഫിൽ ജീവിക്കുന്ന ഒരാൾക്കും തനിച്ചിരിക്കാനുള്ള പ്രിയത്തോടൊപ്പം തന്നെ ഇത്തരം ആസ്വാദനത്തിലേക്ക്‌ ജാലകം തുറക്കാൻ കഴിയും. ദുബായിലുള്ള ഒരാൾക്ക്‌ ക്രീക്കിന്റെ കോണിൽ.. കരാമ-ദൈറ പാർക്കുകളിൽ, കോർണീഷിൽ, വഴിയോര ബഞ്ചുകളിൽ ഒക്കെയും ഈ ‘ജാലകക്കാഴ്ച്ചകൾ’ സുലഭമാണ്‌. ഒന്നുപോയിരിക്കുകയേ വേണ്ടൂ.. ഒരു കിടക്കയിൽ ചാഞ്ഞിരിക്കുമ്പോഴും ഇപ്പറഞ്ഞ ഇടങ്ങളിൽ ഇരിക്കുമ്പോഴും തമ്മിലുണ്ടാകുന്ന മനസിന്റെ ഭാവവ്യത്യാസങ്ങൾ നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല.

അതുപോലെ ദുബായിൽ വെളിച്ച വിന്യാസത്തിന്റെയും വാസ്തുശിൽപ്പ ചാരുതയുടേയും പുതുമകൊണ്ട്‌ നമ്മളിൽ ആഹ്ലാദകരമായ അതിശയം നിറയ്ക്കുന്ന രണ്ടിടങ്ങൾ അടുത്ത കാലത്ത്‌ കൂടുതൽ ശ്രദ്ധനേടിയിട്ടുണ്ട്‌ ബോക്സ്‌ പാർക്കും, സിറ്റി വാക്കും.

സന്ധ്യാ നേരത്തോ രാത്രിയിലോ സമയം കിട്ടും പോലെ ഇവിടേക്ക്‌ ഒന്നിറങ്ങൂ..കാണൂ, ബോക്സ്‌ പാർക്കിൽ ഉപയോഗം കഴിഞ്ഞ കണ്ടെയ്നറുകൾ കൊണ്ടു നിർമ്മിച്ച ആർക്കിടെക്ട്‌ വിസ്മയങ്ങൾ! സിറ്റി വാക്കിലെ നടപ്പാതകൾ നിറയെ വെളിച്ചത്തിന്റെ വിളക്കുകാലുകൾ എണ്ണിപ്പറയാനാണെങ്കിൽ ഇങ്ങനെ ഒത്തിരിക്കാര്യങ്ങളുണ്ട്‌ എമിറേറ്റ്സിൽ. നാം അതൊന്നു കാണാൻ സന്നദ്ധമായാൽ മതി, കൊച്ചുകൊച്ചു സന്തോഷങ്ങൾ പെറുക്കിക്കൂട്ടാം അഞ്ചു കാശിന്റെ ചിലവില്ലാതെ. ചിലവായാൽ തന്നെ അതൊരു ബസ്‌ യാത്രയ്ക്കു വേണ്ടിവരുന്ന തുച്ഛമായ തുകയിലൊതുങ്ങും. കിട്ടുന്നതോ മനസ്സിനെ മാറ്റിപ്പണിയുന്ന ആനന്ദകരമായ അനുഭവങ്ങൾ.

ഇപ്പോൾ ഇതു വായിക്കുന്നത്‌ തന്റെ കിടക്കയിലിരുന്നാണെങ്കിൽ, സുഹൃത്തേ എഴുന്നേൽക്കൂ.. മനസ്സിനും ശരീരത്തിനും അനാരോഗ്യം സമ്മാനിക്കുന്ന കിടക്ക ജീവിതം ഞാനിതാ അവസാനിപ്പിക്കുന്നു എന്ന പ്രതിജ്ഞയുമായി പുറത്തേക്കിറങ്ങൂ. നെയ്തു കൂട്ടിയ അനാവശ്യ ചിന്തകൾ (ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ മനസ്സ്‌ ചെയ്യുന്ന പണി അതാണല്ലോ) പൊഴിഞ്ഞു വീഴട്ടെ. പകരം പുതുവെട്ടവും കാറ്റും കാഴ്ച്ചകളും മനസിൽ നിറയട്ടെ.

ഫൈസൽ ഫഹദ്‌
ഏഷ്യാവിഷൻ ഫാമിലി മാഗസിൻ, ദുബായ്‌

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Comments are closed.