21
October, 2017
Saturday
02:15 PM
banner
banner
banner

പതിറ്റാണ്ടുകൾക്ക് അണയ്ക്കാൻ കഴിയാത്ത പ്രണയം

1450

1945 ഏപ്രിൽ ഇരുപത്തെട്ടാം തീയതി ഇറ്റലിയുടെ മുസ്സൊലീനി വെടിവെച്ചു കൊല്ലപ്പെട്ടു. മുപ്പതാം തീയതി ജർമ്മനിയുടെ ഹിറ്റ്ലർ വെടിവെച്ച് ആത്മഹത്യ ചെയ്തു. ഇരുവരുടേയും സഖ്യരാജ്യമായിരുന്ന ജപ്പാൻ തങ്ങൾ കീഴടങ്ങുന്നതായി ആഗസ്റ്റ് പതിനഞ്ചിനു പ്രഖ്യാപിച്ചു. ആറു വർഷം കൊണ്ട് എട്ടു കോടിയോളം മരണത്തിനിട വരുത്തിയ രണ്ടാം ലോകമഹായുദ്ധം 1945 സെപ്റ്റംബർ രണ്ടിന് അവസാനിച്ചു. യുദ്ധം മൂലം ജർമ്മനിയിൽ മാത്രമായുണ്ടായ എഴുപത്തിനാലു ലക്ഷം മരണങ്ങളിൽ അമ്പത്തിമൂന്നു ലക്ഷം സൈനികരുടേതായിരുന്നു. അക്കൂട്ടത്തിൽ മരണപ്പെട്ട ഒരു സൈനികന്റെ മകളായിരുന്നു, റെസി.

രണ്ടാം ലോകമഹായുദ്ധത്തിലേർപ്പെട്ട മുന്നണികൾ പരസ്പരം ബോംബുവർഷം നടത്തിയപ്പോൾ, ജനവാസപ്രദേശങ്ങളിൽ ബോംബിടരുതെന്ന പൊതുതത്വം പലപ്പോഴും അവഗണിയ്ക്കപ്പെട്ടു. തത്ഫലമായി ജർമ്മനിയിൽ മാത്രം തകർന്നതു മുപ്പത്താറു ലക്ഷം വീടുകൾ. അക്കൂട്ടത്തിലൊന്ന് റെസിയുടേതായിരുന്നു. 1945ൽ രണ്ടാം ലോകമഹായുദ്ധമവസാനിയ്ക്കുമ്പോൾ വിധവയായ അമ്മയോടൊപ്പം റെസിയുടെ ജീവിതം അക്ഷരാർത്ഥത്തിൽ തെരുവിലായിരുന്നു. അന്നു റെസിയ്ക്കു വയസ്സു പതിനഞ്ചു മാത്രം.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചയുടൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ എന്നീ സഖ്യരാജ്യങ്ങൾ ജർമ്മനിയെ വെട്ടിമുറിച്ചു സ്വന്തമാക്കി. എങ്കിലും, 1949ൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുടെ അധീനതയിലുണ്ടായിരുന്ന ഖണ്ഡങ്ങൾ പരസ്പരം ലയിച്ച് “ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി” എന്നൊരു സ്വതന്ത്രരാഷ്ട്രമുണ്ടായി. അക്കൊല്ലം തന്നെ, സോവിയറ്റ് യൂണിയന്റെ അധികാരത്തിലുണ്ടായിരുന്ന ഖണ്ഡം “ജർമ്മൻ ഡെമൊക്രാറ്റിക് റിപ്പബ്ലിക്ക്” ആയിത്തീർന്നു. ഫെഡറൽ റിപ്പബ്ലിക്കിലായിരുന്നു, റെസിയും അമ്മയും.

1951ൽ ജർമ്മനിയിലെ ഒരു രാസവസ്തുനിർമ്മാണശാലയിൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്ന റെസി ആൽഫ്രെഡിനെ കണ്ടുമുട്ടി. അന്നു റെസിയ്ക്കു വയസ്സ് ഇരുപത്തൊന്ന്, ആൽഫ്രെഡിന് ഇരുപത്തിനാല്. ഒരു ദന്തഡോക്ടറായിരുന്നു, ആൽഫ്രെഡ്. അവർ പരസ്പരം ആകർഷിതരായി, പ്രണയത്തിലുമായി.

അക്കാലത്തു ജർമ്മനിയിലെ സ്ഥിതി പരിതാപകരമായിരുന്നു. വെള്ളവും വൈദ്യുതിയുമില്ലാത്തൊരു കുടിലിലായിരുന്നു, റെസിയുടേയും അമ്മയുടേയും വാസം. തുച്ഛശമ്പളം. ദന്തഡോക്ടറായിരുന്നിട്ടും ആൽഫ്രെഡിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയരണമെന്ന് ആൽഫ്രെഡ് ആശിച്ചിരുന്നു. ജർമ്മനിയിൽ അതിനുള്ള സാദ്ധ്യത തീരെക്കുറവായിരുന്നു. അവിടന്ന് അനേകം പേർ അമേരിക്കയിലേയ്ക്കു കുടിയേറ്റം നടത്തിക്കൊണ്ടിരുന്നു. അവരെപ്പോലെ തനിയ്ക്കും അമേരിക്കയിലെത്താനായാൽ സ്വപ്നങ്ങൾ പൂവണിയുമെന്ന് ആൽഫ്രെഡ് വിശ്വസിച്ചു. അമേരിക്കയിലെത്തി ഒരു ജോലി നേടിയ ഉടൻ റെസിയോടു വിവാഹാഭ്യർത്ഥന നടത്താമെന്ന് ആൽഫ്രെഡ് കരുതിയിരുന്നു.

1953ൽ ആൽഫ്രെഡ് ന്യൂയോർക്കിലേയ്ക്കുള്ള കപ്പലിൽക്കയറി. അമേരിക്കയിലെത്തിയെങ്കിലും, ആൽഫ്രെഡിനു ജോലിയൊന്നും ഉടനെ കിട്ടിയില്ല. ആൽഫ്രെഡിന്റെ അമേരിക്കൻ ജീവിതാരംഭം ദുരിതപൂർണമായിരുന്നു. ഉപജീവനമാർഗം പോലും തെളിയാഞ്ഞതുകൊണ്ട് റെസിയെ വിവാഹം കഴിച്ച് അമേരിക്കയിലേയ്ക്കു കൊണ്ടുവരാനുള്ള പദ്ധതി നീണ്ടുനീണ്ടുപോയി. ഒരേ ലക്ഷ്യത്തിലേയ്ക്കുള്ള മറ്റൊരു വഴിയെന്ന നിലയിൽ, അമേരിക്കയിലൊരു ജോലിയ്ക്കു ശ്രമിയ്ക്കാൻ ആൽഫ്രെഡ് റെസിയോട് അഭ്യർത്ഥിച്ചു. റെസിയ്ക്ക് അമേരിക്കയിൽ ജോലി ലഭിച്ചാൽ ജീവിതം സുഖകരമാകുമെന്ന് ആൽഫ്രെഡ് റെസിയെ ബോദ്ധ്യപ്പെടുത്തി.

അപ്പോളാണ് റെസിയെപ്പോലുള്ളവർക്ക് അമേരിക്കയിലൊരു ജോലി കിട്ടുക ദുഷ്കരമാണെന്നു മനസ്സിലായത്. നിരാശിതയാകാതെ റെസി തന്റെ ശ്രമം തുടർന്നു. അതിനിടയിൽ അമ്മ രോഗബാധിതയായി. റെസിയുടെ തുച്ഛശമ്പളം ചികിത്സയ്ക്കു തികയാതെയായി. അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണം പോലുമില്ലാതിരിയ്ക്കെ, അമേരിക്കയ്ക്കുള്ള ടിക്കറ്റു വാങ്ങുന്ന കാര്യം ആലോചിയ്ക്കാൻ പോലും വയ്യാത്ത സ്ഥിതി.

റെസി ജർമ്മനിയിൽ കഷ്ടപ്പെടുമ്പോൾ ആൽഫ്രെഡ് അമേരിക്കയിൽ കഷ്ടപ്പെട്ടു. തങ്ങളുടെ ദുരിതങ്ങൾക്കിടയിലും ഇരുവരും ആവേശപൂർവം പ്രണയലേഖനങ്ങളെഴുതി. ആൽഫ്രെഡിന്റെ കത്തുകളിലായിരുന്നു, റെസി ആശ്വാസം കണ്ടെത്തിയിരുന്നത്; റെസിയുടെ കത്തുകളിൽ ആൽഫ്രെഡും.

കുറേ നാൾ കഴിഞ്ഞപ്പോൾ ആൽഫ്രെഡിനെപ്പറ്റിയുള്ള ഒരു കിംവദന്തി റെസിയുടെ കാതുകളിലെത്തി: ആൽഫ്രെഡ് അമേരിക്കയിലെ ഒരു വനിതയെ പ്രണയിയ്ക്കുന്നത്രേ! വാർത്ത കേട്ടു റെസി തളർന്നു പോയി. അതു വെറും കിംവദന്തിയായിരിയ്ക്കുമെന്ന് അവൾ വിശ്വസിച്ചു. എന്നാൽ, അതു ശരിയാണോയെന്ന് ആൽഫ്രെഡിനോട് എഴുതിച്ചോദിയ്ക്കാനുള്ള ധൈര്യം അവൾക്കുണ്ടായുമില്ല. എന്തിനിനി ജീവിയ്ക്കണം, എന്നു റെസി സ്വയം ചോദിച്ചു. പക്ഷേ, ഒരു കാര്യം അവളെ ഭൂമിയിൽപ്പിടിച്ചു നിർത്തി: അമ്മ. അവളുടെ വരുമാനമുണ്ടായിട്ടും, അമ്മയുടെ ചികിത്സ വേണ്ടുംവണ്ണം നടത്താനായിരുന്നില്ല. അങ്ങനെയിരിയ്ക്കെ, അവൾ മരിച്ചാൽ അമ്മ വഴിയാധാരമായതു തന്നെ. അമ്മയ്ക്കുവേണ്ടി അവൾ ജീവിതം തുടർന്നു.

അമേരിക്കയിൽ താമസമാക്കിയ, സമ്പന്നനായൊരു ജർമ്മൻ യുവാവായിരുന്നു ഗുന്തർ. ഒരൊഴിവുകാലം ചെലവഴിയ്ക്കാൻ വേണ്ടി ഗുന്തറൊരിയ്ക്കൽ ജർമ്മനിയിലേയ്ക്കു വന്നു. വീസ്ബാദൻ എന്ന സ്ഥലത്തു വച്ചു യാദൃച്ഛികമായി ഗുന്തറും റെസിയും കണ്ടുമുട്ടി. പ്രഥമദൃശ്യത്തിൽത്തന്നെ ഗുന്തർ അനുരാഗവിവശനായി. അമേരിക്കയിലുള്ള ആൽഫ്രെഡിനെ താൻ പ്രണയിയ്ക്കുന്നെന്നും, സാമ്പത്തികനില മെച്ചപ്പെട്ടുകഴിഞ്ഞയുടൻ തങ്ങളിരുവരും വിവാഹം കഴിയ്ക്കുമെന്നും റെസി ഗുന്തറിനോടു തുറന്നു പറഞ്ഞു. റെസി മറ്റൊരാളിനെ പ്രണയിയ്ക്കുന്നെന്നറിഞ്ഞിട്ടും, ഗുന്തർ അടുത്ത ദിവസം തന്നെ റെസിയോടു വിവാഹാഭ്യർത്ഥന നടത്തി.

റെസി ചിന്തിച്ചു. അമേരിക്കയിലേയ്ക്കു പോകാനും ആൽഫ്രെഡുമായി ഒരുമിയ്ക്കാനുമുള്ള ശ്രമങ്ങളിതുവരെ വിജയിച്ചിട്ടില്ല, അവയുടൻ വിജയിയ്ക്കുന്ന ലക്ഷണങ്ങളുമില്ല. തന്റെ തുച്ഛവരുമാനം മതിയാകാത്തതുമൂലം അമ്മയുടെ ചികിത്സ തൃപ്തികരമായ വിധത്തിൽ നടത്താനാവുന്നില്ല. അക്കാരണത്താൽ അമ്മയുടെ ആരോഗ്യനില ക്രമേണ ക്ഷയിച്ചുംകൊണ്ടിരിയ്ക്കുന്നു. ഇതു റെസിയെ അത്യധികം വേദനിപ്പിച്ചിരുന്നു. വിവാഹാഭ്യർത്ഥനയോടൊപ്പം ഗുന്തർ മുന്നോട്ടു വച്ച ഒരു വാഗ്ദാനം, റെസിയുടെ അമ്മയെ സ്വന്തം അമ്മയായി കണക്കാക്കി, അമേരിക്കയിൽ കൂടെത്താമസിപ്പിച്ചു പരിചരിച്ചോളാമെന്നായിരുന്നു.

അമ്മയുടെ ആയുസ്സു ദീർഘിപ്പിയ്ക്കാൻ മറ്റൊരു വഴിയും റെസിയ്ക്കു കാണാനായില്ല. റെസി ഗുന്തറിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു.

ഇക്കാര്യം ആൽഫ്രെഡിനെ അറിയിയ്ക്കുന്ന കത്തെഴുതലായിരുന്നു, റെസിയ്ക്ക് ഏറ്റവും ദുഷ്കരമായിത്തോന്നിയത്. ആൽഫ്രെഡിനോടുള്ള പ്രണയത്തിന് യാതൊരു കുറവും സംഭവിയ്ക്കാതിരിയ്ക്കെ, മറ്റൊരാളെ വിവാഹം കഴിയ്ക്കേണ്ടി വരുന്നത് അസഹ്യമായിരുന്നു. എന്നാൽ, അമ്മയെ വേണ്ടുംവണ്ണം സംരക്ഷിയ്ക്കാനാകാതെ വരുന്നതു ചിന്തിയ്ക്കാൻ പോലുമാകാത്തതും.

രാഷ്ട്രത്തിന്റെ നിർദ്ദേശമനുസരിച്ച് അന്യരാജ്യങ്ങളിൽപ്പോയി യുദ്ധം ചെയ്യുന്ന അമേരിക്കൻ പട്ടാളക്കാർക്ക് അവരുടെ ഭാര്യമാരിൽ നിന്നോ കാമുകിമാരിൽ നിന്നോ കത്തുകൾ കിട്ടാറുണ്ട്. അവയിൽച്ചിലത്, “ഞാനിവിടെ മറ്റൊരാളുമായി പ്രണയത്തിലായി” അല്ലെങ്കിൽ “ഞാൻ മറ്റൊരാളെ വിവാഹം ചെയ്തു” എന്നറിയിയ്ക്കുന്നതാകാറുണ്ട്. ഇവ “പ്രിയ ജോൺ” കത്തുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ദുഃഖം കടിച്ചമർത്തിക്കൊണ്ടു റെസി ആൽഫ്രെഡിന് “പ്രിയ ജോൺ” കത്തെഴുതി.

റെസിയുടെ കത്തു വായിച്ച് ആൽഫ്രെഡ് സ്തംഭിച്ചിരുന്നു പോയി. റെസിയെ ചുറ്റിപ്പറ്റി കെട്ടിപ്പൊക്കിയിരുന്ന മനക്കോട്ടകൾ ഒരു നിമിഷം കൊണ്ടു തകർന്നു. നിരാശയുടെ പടുകുഴിയിലേയ്ക്കു പതിച്ചെങ്കിലും, ആൽഫ്രെഡ് റെസിയെ കുറ്റപ്പെടുത്തിയില്ല. റെസി നേരിട്ടിരുന്ന പ്രതിസന്ധികളുടെ ആഴം ആൽഫ്രെഡ് മനസ്സിലാക്കി.

വിവാഹാനന്തരം ഗുന്തർ റെസിയേയും അമ്മയേയും കപ്പലിൽക്കയറ്റി അമേരിക്കയിലേയ്ക്കു കൊണ്ടു പോന്നു. പണ്ട് ആൽഫ്രെഡ് അമേരിക്കയിലേയ്ക്കു പോന്നതും അതേ കപ്പലിൽത്തന്നെയായിരുന്നു. അന്താരാഷ്ട്രതലത്തിൽ ഭക്ഷ്യപദാർത്ഥങ്ങൾ വില്പന നടത്തുന്നൊരു ദല്ലാളായി ഗുന്തർ ശോഭിച്ചു. ഗുന്തറിനോടൊപ്പമുള്ള റെസിയുടെ ജീവിതം സുഖസമൃദ്ധമായിരുന്നു. അവർക്കു രണ്ടു കുഞ്ഞുങ്ങളുണ്ടായി. ഗുന്തറിന് വ്യാപാരസംബന്ധമായി അന്യരാജ്യങ്ങളിൽ ഇടയ്ക്കിടെ സഞ്ചരിയ്ക്കേണ്ടി വന്നിരുന്നു. അപ്പോഴെല്ലാം ഗുന്തർ റെസിയേയും കുഞ്ഞുങ്ങളേയും കൂടെക്കൂട്ടുകയും ചെയ്തിരുന്നു.

റെസിയെ ചുറ്റിപ്പറ്റിയുള്ള മനോഹര സങ്കല്പങ്ങൾ തകർന്നപ്പോൾ ആൽഫ്രെഡ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അധികം താമസിയാതെ ആൽഫ്രെഡൊരു ശാസ്ത്രഗവേഷകനും വിദഗ്ദ്ധോപദേശം നൽകുന്നയാളും പ്രൊഫസ്സറുമായിത്തീർന്നു. ആൽഫ്രെഡിന്റെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ച ഒരമേരിക്കക്കാരനു ജർമ്മനിയിൽ വച്ചു ജനിച്ച മകളായ ഇംഗിനെ ആൽഫ്രെഡ് പിൽക്കാലത്തു വിവാഹം കഴിച്ചു. അവർക്കു നാലു കുഞ്ഞുങ്ങളുമുണ്ടായി. ആൽഫ്രെഡിന്റേയും ദാമ്പത്യജീവിതം സുഖസമൃദ്ധമായിരുന്നു.

അറുപതു വർഷം കടന്നുപോയി. ഇക്കാലമത്രയും റെസിയും ആൽഫ്രെഡും അവരവരുടെ വ്യത്യസ്ത ദാമ്പത്യജീവിതങ്ങൾ പരിഭവമൊന്നും കൂടാതെ, വിശ്വസ്തതയോടെ നയിച്ചുകൊണ്ടിരുന്നു. ആൽഫ്രെഡും റെസിയും തമ്മിൽ കാണുകയോ അന്വേഷിയ്ക്കുക പോലുമോ ചെയ്തില്ല.

ഏതാനും വർഷം മുമ്പ് ഇംഗ് ഓൾറ്റ്ഷൈമേഴ്സ് രോഗം ബാധിച്ച് ആശുപത്രിയിലായി. ഇംഗിനെ പരിചരിച്ചുകൊണ്ട് ആൽഫ്രെഡ് കൂടെത്താമസിച്ചു.

ഗുന്തറിന് ഒന്നിലേറെത്തവണ ഹൃദയസ്തംഭനമുണ്ടായി. ഒന്നിലേറെത്തവണ വീണു പരിക്കേൽക്കുകയും ചെയ്തു. കിടക്കയിൽ നിന്നു പൊന്താനാകാത്തവിധം രോഗബാധിതനായി, ഗുന്തർ. സദാ പരിചരിച്ചുകൊണ്ട് റെസി ഗുന്തറിന്റെ കൂടെയുണ്ടായിരുന്നു.

ഗുന്തറിന്റെ അവസ്ഥ റെസിയെ വ്യാകുലയാക്കി. വ്യാകുലതകൾ പങ്കുവയ്ക്കാനും അല്പം ആശ്വാസത്തിനും വേണ്ടി അവൾ തന്റെ ബാല്യകാലസഖികളെ ഇന്റർനെറ്റിൽ തിരഞ്ഞു. ആരുടെ വിവരവും പൊന്തിവന്നില്ല.

ഒരു ദിവസം റെസി ആൽഫ്രെഡിന്റെ പേരുപയോഗിച്ചു ഗൂഗിൾ സെർച്ചു നടത്തി. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ, ആൽഫ്രെഡിന്റെ ചിത്രവും മേൽവിലാസവും ഫോൺ നമ്പറും മുന്നിലുയരാൻ!

വിവാഹത്തിനു മുമ്പു തന്റെ കാമുകനായിരുന്ന ആൽഫ്രെഡിന്റെ വിവരങ്ങൾ ഗൂഗിൾ സെർച്ചിൽ കിട്ടിയ കാര്യം റെസി ഗുന്തറിനെ അറിയിച്ചു. ആൽഫ്രെഡുമായി ബന്ധപ്പെടാനുള്ള അനുമതി നൽകാൻ ഗുന്തറിന് യാതൊരു വൈമനസ്യവുമുണ്ടായില്ല.

വിറയ്ക്കുന്ന കരങ്ങളോടെ, തുടിയ്ക്കുന്ന ഹൃദയത്തോടെ റെസി ആൽഫ്രെഡിന്റെ നമ്പറിലേയ്ക്കൊരു സന്ദേശമയച്ചു: “റെസിയെ ഓർമ്മയുണ്ടോ?”

ഉടൻ വന്നു, ആൽഫ്രെഡിന്റെ മറുപടി: “റെസിയെ ജീവനുള്ള കാലം മറക്കുകയില്ല!” തൊട്ടുപുറകെ ആൽഫ്രെഡിന്റെ കോളും വന്നു.

പരസ്പരം ഓർമ്മിയ്ക്കുന്നെന്നറിഞ്ഞ് ഇരുവരും ഗദ്ഗദകണ്ഠരായി. അല്പസമയത്തേയ്ക്ക് ഇരുവർക്കും സംസാരിയ്ക്കാനായില്ല.

തുടർന്നവർ ഫോണിലൂടെ ഇടയ്ക്കിടെ ബന്ധപ്പെട്ടു. വിവരങ്ങൾ കൈമാറി. ഇരുവരുടേയും മനസ്സിൽ ഒരു കാലത്തുണ്ടായിരുന്ന പ്രണയാഗ്നി അണഞ്ഞിട്ടില്ലെന്ന് അവർ തിരിച്ചറിഞ്ഞു.

ഓൾറ്റ്ഷൈമേഴ്‌സ് രോഗബാധിതയായിരുന്ന ഇംഗിന് അധികക്കാലം ജീവിതം തുടരാനൊത്തില്ല. രോഗം മൂർച്ഛിച്ച് ഇംഗ് ചരമമടഞ്ഞു. പല തവണ ഹൃദയസ്തംഭനത്തെ നേരിട്ടു കഴിഞ്ഞിരുന്ന ഗുന്തറിന് മറ്റൊരു ഹൃദയസ്തംഭനത്തെ അതിജീവിയ്ക്കാനായില്ല; ഗുന്തറും ഇഹലോകവാസം വെടിഞ്ഞു. റെസി സന്തോഷത്തോടെ തുടർന്നും ജീവിയ്ക്കണമെന്നാഗ്രഹിച്ചിരുന്ന ഗുന്തർ തന്റെ മരണശേഷം ആൽഫ്രെഡുമായി ബന്ധപ്പെടാനുള്ള അനുവാദം റെസിയ്ക്കു നൽകിയിരുന്നു.

അല്പകാലം കഴിഞ്ഞപ്പോൾ ആൽഫ്രെഡും റെസിയും തങ്ങളുടെ പ്രണയത്തെപ്പറ്റി അവരവരുടെ കുഞ്ഞുങ്ങളെ (കുഞ്ഞുങ്ങളെല്ലാം മുതിർന്നു കഴിഞ്ഞിരുന്നു, അവർക്കവരുടേതായ കുടുംബങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു) അറിയിച്ചു; തങ്ങളൊരുമിച്ചു ജീവിയ്ക്കാനാഗ്രഹിയ്ക്കുന്ന കാര്യവും വെളിപ്പെടുത്തി.

കേട്ടയുടൻ കുഞ്ഞുങ്ങൾ നീരസം പ്രകടിപ്പിച്ചെങ്കിലും, അധികം കഴിയും മുമ്പ് ഇരുവരുടേയും ദീർഘകാലപ്രണയകഥ കുഞ്ഞുങ്ങളേയും അനുകൂലികളും അനുഭാവികളുമാക്കി.

ഇക്കഴിഞ്ഞ മാർച്ചിൽ പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിൽ, വൈദികൻ ഇരുവരേയും പരസ്പരപ്രതിജ്ഞാബദ്ധരാക്കി.

അങ്ങനെ, 1951ൽ തുടങ്ങിയ പ്രണയം അറുപത്തഞ്ചു വർഷത്തിനു ശേഷം സഫലമായി. റെസിയുടെ വയസ്സ് 86, ആൽഫ്രെഡിന്റേത് 89.

വാർദ്ധക്യത്തിൽ കാലൂന്നിക്കഴിഞ്ഞിരിയ്ക്കുന്നതുകൊണ്ട് സുബോധത്തോടെയുള്ള ജീവിതം അധികക്കാലമുണ്ടാവില്ലെന്ന് ഇരുവർക്കുമറിയാം. അതുകൊണ്ടവർ പ്രണയിച്ചു ജീവിയ്ക്കുന്നു. ഈ ജീവിതത്തിൽ പരസ്പരം കണ്ടു മതിവരികയില്ലെന്നു ബോദ്ധ്യമുള്ളതുകൊണ്ട് അവർ സദാ കണ്ണിൽ കണ്ണും നട്ടു കഴിയുന്നു. ഇടയ്ക്കിടെ ആനന്ദാതിരേകത്താൽ അവർ തമ്മിൽത്തമ്മിൽ ചോദിയ്ക്കുന്നു, “ഇതു യാഥാർത്ഥ്യം തന്നെയോ, അതോ സ്വപ്നമോ!”

അറുപത്തിമൂന്നു വർഷത്തോളം അവരുടെയുള്ളിൽ ചാരം മൂടിക്കിടന്ന പ്രണയക്കനലുകൾ ഇനിയുള്ള കാലം ആളിക്കത്തട്ടെ.

സുനിൽ എം എസ്, മൂത്തകുന്നം

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *