21
October, 2017
Saturday
01:44 PM
banner
banner
banner

ഇത്‌ 4 ജി കാലത്തെ പ്രണയം, വസന്തകാലത്തെ ആ പ്രണയമൊന്നും അനുഭവിക്കാൻ ഇവർക്ക്‌ ഭാഗ്യമില്ലാതെ പോയി

409

എല്ലാ മാറ്റവും നല്ലതിനു എന്ന്‌ വിശ്വസിക്കുന്ന ആളാകുമ്പോഴും ഞങ്ങളുടെ ആ കാലത്തെ ചില നൊസ്റ്റാൾജിയകൾ (ഇന്നത്തെ കുട്ടികൾക്ക്‌ സിനിമയിൽ മാത്രം കാണാൻ വിധിയുള്ളത്‌) ഓർക്കാൻ തന്നെ എന്ത്‌ രസമാണെന്ന്‌ പറയാതെ വയ്യ. അവളുടെ ഒരു നോട്ടത്തിനു വേണ്ടി ആറുമാസം ബസ്‌ സ്റ്റോപ്പിൽ സ്ഥിരം പോയി നിന്നു എന്ന്‌ പറഞ്ഞാൽ ഇപ്പഴത്തെ കുട്ടികളുണ്ടോ വിശ്വസിക്കുന്നു? ബുക്കിൽ പ്രേമലേഖനം ഒളിപ്പിച്ച്‌ വച്ചിട്ട്‌ അവളുടെ അച്ഛന്റെ വീട്ടിലേക്കുള്ള വരവ്‌ കാത്ത്‌ കിടുങ്ങി ഉറങ്ങിയ രണ്ടൂ ദിവസവും മൂന്നാം നാൾ തിങ്കളാഴ്ച അവൾ വിടർന്ന നുണക്കുഴികളോടെ കടക്കണ്ണെറിഞ്ഞപ്പോൾ പൊടുന്നനെ ചുറ്റുമുള്ള മരങ്ങളെല്ലാം പൂത്തുലഞ്ഞതും ഒക്കെ അനുഭവിക്കാൻ ഇവർക്ക്‌ ഭാഗ്യമില്ലാതെ പോയി. വേഗത കവർന്ന ചാരുതകൾ!

വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്‌ പ്രണയം നമ്മൾ മലയാളികൾക്ക്‌. അത്‌ കാമപൂരണത്തിലേക്കുള്ള പാലം ആയി അതൊന്നായി മാത്രമേ കാണുന്നുള്ളൂ നമ്മുടെ പൊതുബോധം. സമൂഹത്തിന്റെ കണ്ണുകൾ സദാ(ചാര) ജാഗരൂകമായതിനാൽ പ്രണയത്തെ അങ്ങനെ കാമപൂരണമാർഗം എന്ന്‌ മനഃപൂർവ്വം മറന്ന്‌ വിവാഹം എന്ന ‘പരിപാവന’ കർമ്മത്തിലേക്കുള്ള ചവിട്ടുപടിയായി കാണുന്നു. അങ്ങിനെ ഉദാത്തമായ ‘കുടുംബം’ എന്ന പുരുഷകേന്ദ്രീകൃത സ്വേച്ഛാധിപത്യ എസ്റ്റാബ്ലിഷ്‌ മെന്റിലേക്കുള്ള ആദ്യ കാൽ വെപ്പ്‌ ആണ്‌ പ്രണയം എന്നാക്കുന്നു. നോക്കൂ എത്ര ദയനീയമായ പൊതു കാഴ്ചപ്പാടാണത്‌. അതു കൊണ്ട്‌ അതിനെ പ്രണയം എന്ന മനോഹരവികാരം ആക്കാതെ പ്രേമം എന്ന്‌ വിശേഷിപ്പിക്കുന്നതാണ്‌ നല്ലതെന്ന്‌ തോന്നുന്നു.
അതായത്‌ വിവാഹത്തിൽ അവസാനിക്കാനായി തുടങ്ങുന്ന ഒന്നാണ്‌ പ്രേമം. കൂട്ടത്തിൽ പറയട്ടെ, പുരുഷകേന്ദ്രീകൃതം എന്നതൊഴിച്ചാൽ കുടുംബം എന്ന സ്ഥാപനത്തിനു യാതൊരു കുഴപ്പവും കാണുന്നവനല്ല ഇതെഴുതുന്ന ആൾ. കോടിക്കണക്കിനു വർഷങ്ങളിലൂടെ മറ്റു പലതും പരീക്ഷിച്ച്‌ പരാജയപ്പെട്ട്‌ എത്തിച്ചേർന്ന ഒരു സ്ഥാപനം തന്നെ ആയിരിക്കണം കുടുംബം. അതുകൊണ്ട്‌ തന്നെ ആ സങ്കൽപത്തെ തള്ളിക്കളഞ്ഞുകൂടാ. നമ്മുടെ ദോശയും ഇഡ്ഡലിയും മാതിരി അതായത്‌, എത്രയോ പ്രഭാതഭക്ഷണപരീക്ഷണങ്ങൾ നടത്തിനോക്കിയിരിക്കും പൂർവികരും നമ്മളും. ഒരു താൽക്കാലിക ട്രെൻഡ്‌ എന്ന നിലയിൽ പലതും കുറച്ചുനാൾ നിലനിന്നിരിക്കാം, എന്ന്‌ വരികലും ആദിമുതൽ നിലനിൽക്കുന്ന ദോശയും ഇഡ്ഡലിയും പുട്ടും തന്നെ അടിസ്ഥാന പ്രഭാതഭക്ഷണം. എന്ന്‌ പറഞ്ഞപോലെ സമൂഹത്തിന്റെ ഏറ്റവും കീഴ്‌ ഘടകമായി ആദിമുതൽ നിലനിൽക്കുന്ന വ്യവസ്ഥ കുടുംബം തന്നെയാണ്‌. പറഞ്ഞുവന്നത്‌, നമ്മൾ മലയാളികൾക്ക്‌ പ്രേമം എന്നാൽ ആ കുടുംബവ്യവസ്ഥിതിയിലേക്ക്‌ പ്രവേശിക്കാനുള്ള ലൈൻസൻസ്‌ മാത്രമായി അധ:പതിച്ചിരിക്കുന്നു.

അതിനാൽ തന്നെ പ്രേമത്തെ നമുക്ക്‌ മാറ്റിനിർത്താം. പ്രണയം എന്താണെന്ന്‌ നോക്കാം. പ്രണയം തികച്ചും വേറെ ഒരു തലത്തിലുള്ളതാണ്‌. അത്‌ ഒരു ക്ലൈമാക്സിൽ അവസാനിക്കാനായുള്ള തയ്യാറെടുപ്പല്ലേയല്ല. അതിനു അവസാനമില്ല. അനുഭവിക്കാത്തവർക്ക്‌ ഭ്രാന്തെന്ന്‌ തോന്നുന്നതും അനുഭവിക്കുന്നവർ കഞ്ചാവടിച്ച ലഹരിപോലെ, നിലാവിൽ നടക്കുന്നത്‌ പോലെ ഉള്ളതുമായ ഒരവസ്ഥയുമാണ്‌ അത്‌. പ്രേമത്തിലകപ്പെട്ടവരെപ്പോലെ പ്രണയികളിൽ നിരാശയോ വേദനയോ ആകുലാവസ്ഥയോ കാണാനൊക്കില്ല. മറിച്ച്‌ അവരവരുടെ മേഖലകളിൽ മികവ്‌ പുലർത്താനും പ്രസരിപ്പോടെ ലോകത്തെകാണാനും അവർക്ക്‌ സാധിക്കുന്നതായി കാണാം. പ്രണയികൾ പരസ്പരം കാണാതെ പോലും അല്ലെങ്കിൽ ഒരിക്കലും കാണാത്തവർ തമ്മിൽ പോലും (സൈബർ വെർച്ച്വൽ) ഈ പറഞ്ഞ യഥാർത്ഥ പ്രണയം സംഭവിക്കുന്നുണ്ടെന്നതാണ്‌ വാസ്തവം. വിശ്വസിക്കാൻ ബുദ്ധിമുട്ട്‌ തോന്നാം. പക്ഷേ തികച്ചും സ്വകാര്യമായൊരു എഴുത്തു ഗവേഷണത്തിന്റെ ഭാഗമായി വ്യക്തമായി മനസിലാക്കിയ കാര്യമാണിത്‌. അതൊരു അവസ്ഥയാണ്‌. കേൾക്കുമ്പോൾ അത്ഭുതം തോന്നാം, താൻ പ്രണയിക്കുന്ന ആൾ അതറിയണമെന്നു പോലുമില്ല എന്ന തലത്തിലേക്ക്‌ വരെ ഉയരാൻ കഴിവുള്ള ഒരു ഉജ്ജ്വല വികാരമാണ്‌ പ്രണയം.

RELATED ARTICLES  പുരുഷന്മാർ സൂക്ഷിക്കുക, ലൈംഗികതയിലെ ആ മടുപ്പ്‌ ഇപ്പോൾ സ്ത്രീകൾക്കുമുണ്ട്‌!

പ്രേമത്തിന്റെ പുഷ്കല കാലം ടീനേജ്‌ ആണല്ലോ. ഈ 4ജി കാലത്തെ കുട്ടികളിൽ നിന്ന്‌ നമുക്ക്‌ ഏറെ പഠിക്കാനുണ്ട്‌. ഇന്നൊക്കെ എന്ത്‌, ‘അതൊക്കെ അന്ന്‌’ എന്ന സമീപനം മാറ്റി വച്ച്‌ അവരെ ഒന്നു അടുത്തു നിരീക്ഷിക്കൂ. നമ്മൾ അത്ഭുതപരതന്ത്രർ ആവുന്നത്‌ കാണാം.

നമ്മൾ ഘോഷിക്കുന്ന, പ്രകീർത്തിക്കുന്ന പ്രേമം, തികച്ചും ഉപരിപ്ലവമെങ്കിലും കൂടി ഇപ്പോഴത്തെ കുട്ടികൾ വളരെ യാഥാർത്ഥ്യബോധം കാട്ടുന്നതായി തോന്നുന്നു. ഞങ്ങളുടെ ഒക്കെ കൗമാരക്കാലത്ത്‌ (80-90) ഒരു ആൺ പെൺ സൗഹൃദം പ്രേമത്താൽ മാനിപുലേറ്റഡ്‌ ചെയ്യപ്പെടാത്ത അഥവാ ലിംഗവ്യത്യാസം കണക്കാക്കാത്ത സൗഹൃദം ഇല്ലായിരുന്നു എന്ന്‌ തന്നെ പറയാം. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ അല്ല. അവർ വളരെ ആസൂത്രണം ഉള്ളവരാണ്‌. സൗഹൃദത്തേയും പ്രേമത്തേയും അപൂർവ്വം പ്രണയത്തെയും അവർ കൃത്യമായി നിർവചിച്ചിട്ടുണ്ട്‌. കരിയർ പ്ലാനിംഗ്‌ പോലെ ഇതും ഒരു പദ്ധതി ആണവർക്ക്‌. അതിലെ റിസ്ക്‌ ഫാക്ടേഴ്സ്‌ ആയ ജാതി, മതം, ജാതകം മുതൽ സാധ്യതയുള്ള ബ്രേക്ക്‌ അപ്പ്‌ പോലും മുൻകൂട്ടിക്കണ്ട്‌ വേണ്ടത്ര ‘പ്രാക്റ്റിക്കൽ ആൻഡ്‌ ഇമോഷണൽ സേഫ്‌ ഗാർഡ്‌’ വരെ അവരുടെ പദ്ധതിയിൽ ഉണ്ട്‌. നല്ലതാണ്‌. എന്ത്‌ എന്താണെന്ന്‌ അറിയുന്നതും അവ അവയായിത്തന്നെ സ്വീകരിക്കുന്നതും, അതിലെ റിസ്ക്‌ ഘടകത്തിനു ഉത്തരവാദികൾ തങ്ങൾ തന്നെ ആണെന്ന്‌ മനസിലാക്കുന്നതും. ഇതിന്റെ ഫലം ഇനിയൊരു മാനസമൈനേ ഗായകനേയോ വേണുനാഗവള്ളി ഛായയുള്ള നിരാശാകാമുകനേയോ കാണാൻ സാധിക്കില്ല എന്നത്‌ തന്നെ!

എല്ലാ മാറ്റവും നല്ലതിനു എന്ന്‌ വിശ്വസിക്കുന്ന ആളാകുമ്പോഴും ഞങ്ങളുടെ ആ കാലത്തെ ചില നൊസ്റ്റാൾജിയകൾ (ഇന്നത്തെ കുട്ടികൾക്ക്‌ സിനിമയിൽ മാത്രം കാണാൻ വിധിയുള്ളത്‌) ഓർക്കാൻ തന്നെ എന്ത്‌ രസമാണെന്ന്‌ പറയാതെ വയ്യ. അവളുടെ ഒരു നോട്ടത്തിനു വേണ്ടി ആറുമാസം ബസ്‌ സ്റ്റോപ്പിൽ സ്ഥിരം പോയി നിന്നു എന്ന്‌ പറഞ്ഞാൽ ഇപ്പഴത്തെ കുട്ടികളുണ്ടോ വിശ്വസിക്കുന്നു? ബുക്കിൽ പ്രേമലേഖനം ഒളിപ്പിച്ച്‌ വച്ചിട്ട്‌ അവളുടെ അച്ഛന്റെ വീട്ടിലേക്കുള്ള വരവ്‌ കാത്ത്‌ കിടുങ്ങി ഉറങ്ങിയ രണ്ടൂ ദിവസവും മൂന്നാം നാൾ തിങ്കളാഴ്ച അവൾ വിടർന്ന നുണക്കുഴികളോടെ കടക്കെണ്ണെറിഞ്ഞപ്പോൾ പൊടുന്നനെ ചുറ്റുമുള്ള മരങ്ങളെല്ലാം പൂത്തുലഞ്ഞതും ഒക്കെ അനുഭവിക്കാൻ ഇവർക്ക്‌ ഭാഗ്യമില്ലാതെ പോയി. വേഗത കവർന്ന ചാരുതകൾ. എങ്കിലും ഞാൻ വിശ്വസിക്കുന്നു. പ്രണയിക്കുന്ന കുട്ടികളാണ്‌ ലോകത്തെ കളർ ഫുൾ ആക്കുന്നത്‌. എത്ര മാത്രം വിരസമായേനേ പ്രണയമില്ലാത്ത ലോകം! അവർ പ്രണയിക്കട്ടെ. അവർ അത്‌ അർഹിക്കുന്നു. അതെ, ലോകത്തെ മാറ്റി മറിച്ചത്‌ യുവത ആണ്‌ എക്കാലവും. അവരിന്ന്‌ മറയില്ലാതെ ആഘോഷിക്കട്ടെ. പ്രണയം ജ്വലിക്കട്ടെ! കരിയട്ടെ യാഥാസ്ഥിതികത്വം.

കെ വി മണികണ്ഠൻ, Janayugom Daily

It's only fair to share...Share on Facebook0Share on Google+0Tweet about this on TwitterShare on LinkedIn0

CommentsRelated Articles & Comments

Leave a Comment

Your email address will not be published. Required fields are marked *